അധിനിവേശ വെസ്റ്റ് ബാങ്കില്‍ രൂക്ഷമായ ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം.ഇരുപതോളം കെട്ടിടങ്ങള്‍ ആക്രമണങ്ങളില്‍ തകര്‍ന്നു.തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.
അധിനിവേശ വെസ്റ്റ്ബാങ്കില്‍ ജെനിനില്‍ ആണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്.ഇരുപതോളം കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നെന്ന് പലസ്തീന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.ആക്രമണത്തില്‍ മുപ്പത്തിയഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.എന്നാല്‍ മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ടെന്ന് പലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കി.കഴിഞ്ഞ രണ്ടാഴ്ച്ചയായി ഈ മേഖലയില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തുന്നുണ്ട്.
ഇരുപത്തിമൂന്ന് കെട്ടിടങ്ങള്‍ തകര്‍ത്തെന്നും സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും ലബോറട്ടറികളും ആണ് ഇല്ലാതാക്കിയതെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ അമേരിക്ക ഇടപെടണം എന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് പറഞ്ഞു.യു.എന്‍ രക്ഷാസമിതി അടിയന്തരമായി യോഗം ചേരണം എന്നും മഹമ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു.ജനുവരി ഇരുപത്തിയൊന്ന് മുതല്‍ ആണ് വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ സൈന്യം ഹെലികോപ്ടറുകളും ബുള്‍ഡോസറുകളും ഉപയോഗിച്ച് ആക്രമണം തുടങ്ങിയത്.