രാജ്യത്തിന് പുറത്തുളള ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദൂര ജോലി അനുവദിക്കാന്‍ യുഎഇയുടെ തീരുമാനം.അടുത്ത ആറ് വര്‍ഷത്തേക്കുള്ള നിക്ഷേപ നയത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
അബുദബി ഖസര്‍ അല്‍ വതാനില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ആണ് വിദൂരജോലിക്ക് അനുമതി നല്‍കുന്നതിന് തീരുമാനിച്ചത്.രാജ്യത്തിന് പുറത്തുനിന്നും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദൂരജോലി ചെയ്യുന്നതിനാണ് അനുമതി നല്‍കുന്നത്.
യുഎഇ സര്‍ക്കാര്‍ പദ്ധതികളിലും പഠനങ്ങളിലും പ്രത്യേക ദൗത്യങ്ങളിലും രാജ്യാന്തരതലത്തിലുളള പ്രതിഭകളെ ആകര്‍ഷിക്കുക എന്നതാണ് മന്ത്രിസഭാ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.അടുത്ത ആറ് വര്‍ഷത്തിനുളളില്‍ രാജ്യത്തേക്ക് എത്തുന്ന വിദേശനിക്ഷേപം ഇരട്ടിയിലധികമാക്കുന്നതിനും നയത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.ആകെ വിദേശനിക്ഷേപം എണ്ണൂറ് ബില്യണില്‍ നിന്നും 2.2 ട്രില്യണിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.