വാഹനാപകടക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ന്യൂസീലന്‍ഡ് നിയമമന്ത്രി കിരി അലന്‍ രാജിവെച്ചു. ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് തലസ്ഥാനമായ വെല്ലിങ്ടണില്‍വെച്ചാണ് കിരി ഓടിച്ച വാഹനം, നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചു കയറിയത്. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന്റെ പേരിലാണ് മന്ത്രിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സിന്റെ ക്യാബിനറ്റില്‍ നിന്ന് പുറത്തുപോകുന്ന നാലാമത്തെ മന്ത്രിയാണ് കിരി അലന്‍.
പ്രാദേശിക വികസനം, കണ്‍സര്‍വേഷന്‍, എമര്‍ജന്‍സി മാനേജ്‌മെന്റ് എന്നീ വകുപ്പുകളും കിരി അലനാണ് കൈകാര്യം ചെയ്തിരുന്നത്. മുന്‍ പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേന്‍ പടിയിറങ്ങിയപ്പോള്‍ അടുത്ത പ്രധാനമന്ത്രിയായി ഉയർന്നുകേട്ട പേരുകളുടെ കൂട്ടത്തില്‍ കിരിയുമുണ്ടായിരുന്നു. ഒക്ടോബറില്‍ രാജ്യം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഈ സംഭവം.