ദുബൈയില്‍ ഇന്‍ഫിനിറ്റി ബ്രിഡ്ജില്‍ നിന്നും ഷെയ്ഖ് റാഷിദ് റോഡിലേക്ക് പുതിയ പാലം തുറന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി.മണിക്കൂറില്‍ 4800 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് പാലം.
ദുബൈ ഇന്‍ഫിനിറ്റി ബ്രിഡ്ജില്‍ നിന്നും അല്‍മിന സ്ട്രീറ്റ് വഴി ഷെയ്ഖ് റാഷിദ് റോഡിലേക്കും ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലേക്കും ആണ് പുതിയ പാലം.1210 മീറ്റര്‍ ആണ് പാലത്തിന്റെ നീളം.മൂന്ന് ലെയ്‌നുകള്‍ ആണ് പാലത്തിനുള്ളത്.ഷിന്ദഗ ഇടനാഴി വികസനത്തിന്റെ നാലാംഘട്ടത്തിന്റെ ഭാഗമായിട്ടാണ് പുതിയ പാലം നിര്‍മ്മിച്ചതെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി അറിയിച്ചു.നാലം ഘട്ടത്തില്‍ 4.8 കിലോമീറ്റര്‍ ദൂരത്തിലാണ് വികസനപദ്ധതികള്‍ നടപ്പാക്കുന്നത്.ആകെ 3.1 കിലോമീറ്റര്‍ ദൂരം വരുന്ന അഞ്ച് പാലങ്ങളും നാലാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നാലാംഘട്ടത്തിന്റെ തൊണ്ണുറ് ശതമാനവും പൂര്‍ത്തിയായി കഴിഞ്ഞു.ശേഷിക്കുന്ന രണ്ട് പാലങ്ങള്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ തുറക്കും.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ നിര്‍ദ്ദേശപ്രകാരം ആണ് ഷിന്ദഗ ഇടനാഴിവികസന പദ്ധതി നടപ്പാക്കുന്നതെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ അറിയിച്ചു.