ഗാസയുടെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കും എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്.ഗാസ മുനമ്പിലെ സൈനിക നീക്കം വ്യാപിപ്പിക്കും.തെക്കന്‍ ഗാസയില്‍ ഒരുലക്ഷത്തിലധികം പലസ്തീനികളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദ്ദേശം നല്‍കി.
ഗാസയുടെ വലിയ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് സുരക്ഷാ മേഖലകളോട് ചേര്‍ക്കും എന്നാണ് ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കുന്നത്.ഇതിനായി വലിയ തോതില്‍ ജനങ്ങളെ ഒഴിപ്പിക്കും എന്നും ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി.തീവ്രവാദികളേയും ഭീകരവാദികേന്ദ്രങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് സൈനിക നീക്കം വ്യാപിപ്പിക്കുന്നതും കൂടുതല്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതും.എന്നാല്‍ എത്രത്തോളം പ്രദേശം പിടിച്ചെടുക്കും എന്ന് ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കിയിട്ടില്ല.
ഈ ആഴ്ച റഫായില്‍ ഒരുലക്ഷത്തിനാല്‍പ്പതിനായിരത്തോളം പലസ്തീനികളോട് വീടൊഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വടക്കന്‍ ഗാസയുടെ ചിലഭാഗങ്ങളിലും ഒഴിഞ്ഞുപോകുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.റഫാ ഖാന്‍യൂനിസ് തുടങ്ങിയ പ്രദേശങ്ങളിലുള്ള ജനങ്ങളോട് അല്‍ മവാസി മേഖലയിലേക്ക് മാറാന്‍ ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഗാസക്കുള്ളില്‍ ഇതിനകം തന്നെ ഒരു പ്രധാന ബഫര്‍സോണ്‍ ഇസ്രയേല്‍ സൈന്യം സ്ഥാപിച്ചുകഴിഞ്ഞു.ഗാസയുടെ നടുവിലായുള്ള നെറ്റ്‌സരിം ഇടനാഴിയിലേക്ക് കൂടുതല്‍ പ്രദേശം കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.ഇത് കൂടാതെയാണ് കൂടുതല്‍ വിശാലമായ പ്രദേശങ്ങള്‍ ഗാസ മുനമ്പില്‍ പിടിച്ചെടുക്കും എന്ന് ഇസ്രയേല്‍ സൈന്യം പറയുന്നത്.