ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ഇസ്രയേല്‍ നിര്‍ദ്ദേശം തള്ളി ഹമാസ്.ഹമാസിന്റെ നിരായുധീകരണം അടക്കമുള്ള നിര്‍ദ്ദേശം ആണ് ഇസ്രയേല്‍ മുന്നോട്ടുവെച്ചത്.ഗാസയിലെ സുരക്ഷാ മേഖലകളില്‍ ഇസ്രയേല്‍ സൈന്യം അനിശ്ചിതകാലത്തേക്ക് തുടരും എന്ന് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു.
ആറ് ആഴ്ച്ചത്തെ വെടിനിര്‍ത്തലിനുള്ള നിര്‍ദ്ദേശം ആണ് ഇസ്രയേല്‍ മുന്നോട്ട് വെച്ചത്.പകരമായി ഹമാസ് ആയുധം ഉപേക്ഷിക്കണം എന്നത് അടക്കമുള്ള വ്യവസ്ഥകളും ഇസ്രയേല്‍ മുന്നോട്ടുവെച്ചു.എന്നാല്‍ ഇത് അംഗീകരിക്കുന്നതിന് ഹമാസ് തയ്യാറായിട്ടില്ല.ഗാസയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കണം എന്നതടക്കം ഹമാസിന്റെ ആവശ്യങ്ങള്‍ ഒന്നും പരിഗണിക്കാത്ത നിര്‍ദ്ദേശം ആണ് ഇസ്രയേല്‍ മുന്നോട്ടുവെച്ചതെന്ന് പലസ്തീന്‍ അധികൃതര്‍ വ്യക്തമാക്കി.
ഇത് ആദ്യമായിട്ടാണ് ഹമാസിന്റെ നിരായുധീകരണം വെടിനിര്‍ത്തല്‍ വ്യവസ്ഥകളുടെ ഭാഗമായി ഇസ്രയേല്‍ മുന്നോട്ടുവെയ്ക്കുന്നത്.ഇതിനിടെ ഗാസയില്‍ ബന്ദിയാക്കിയ ഇസ്രയേല്‍ അമേരിക്കന്‍ പൗരന്‍ ഇദാന്‍ അലക്‌സാണ്ടറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടെന്ന് ഹമാസ് അറിയിച്ചു.ഇദാനെ പാര്‍പ്പിച്ചിരുന്ന പ്രദേശത്ത് ഇസ്രയേല്‍ ആക്രമണം ഉണ്ടായതിന് ശേഷം ആണ് ബന്ധം നഷ്ടപ്പെട്ടതെന്നും ഹമാസ് വക്താവ് അറിയിച്ചു.