ഗാസയുദ്ധം ഇസ്രയേല്‍ അവസാനിപ്പിച്ചാല്‍ മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കാം എന്ന് ഹമാസ്.താത്കാലിക ഉടമ്പടികള്‍ക്കില്ലെന്നും ഹമാസ് വ്യക്തമാക്കി.ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ 32 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു.
ഇസ്രയേല്‍ മുന്നോട്ട് വെച്ച താത്കാലിക വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം തള്ളിക്കൊണ്ടാണ് ഹമാസ് പുതിയ നിലപാട് മുന്നോട്ട് വെയ്ക്കുന്നത്.ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണം.ഇസ്രയേലില്‍ ജയിലില്‍ കഴിയുന്ന മുഴുവന്‍ പലസ്തീനികളേയും മോചിപ്പിക്കണം.അങ്ങനെ എങ്കില്‍ ഗാസയില്‍ ബന്ദികളാക്കിയിട്ടുള്ള മുഴവന്‍ പേരേയും ഒന്നിച്ച് മോചിപ്പിക്കാം എന്നും ഹമാസ് അറിയിച്ചു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ അജണ്ടയുടെ അടിസ്ഥാനത്തിലുള്ള താത്കാലിക കരാറുകള്‍ക്ക് ഇനിയില്ലെന്ന് ഹമാസ് നേതാവ് ഖലില്‍ അല്‍ ഹയ്യ അറിയിച്ചു.മുഴുവന്‍ ബന്ദികളേയും മോചിപ്പിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമായി ചര്‍ച്ചകള്‍ക്ക് ഹമാസ് തയ്യാറാണെന്നും ഖലീല്‍ അല്‍ ഹയ്യ വ്യക്തമാക്കി.ഗാസയില്‍ ഇനി 59 ബന്ദികള്‍ ശേഷിക്കുന്നുണ്ടെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്.പത്ത് ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി നാല്‍പ്പത്തിയഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ എന്ന് നിര്‍ദ്ദേശം ആണ് ഇസ്രയേല്‍ ഒടുവില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.