യുഎഇയില്‍ ഈ വാരാന്ത്യത്തിലും പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷം തുടരും എന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം.അടുത്തയാഴ്ച രാജ്യത്ത് വീണ്ടും ചൂട് വര്‍ദ്ധിക്കും.അന്തരീക്ഷ ഈര്‍പ്പത്തിലും വര്‍ദ്ധനയുണ്ടാകും.
യുഎഇയില്‍ വടക്കന്‍ എമിറേറ്റുകളിലും കിഴക്കന്‍ ഭാഗങ്ങളിലും നാളെയും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.നാളെ കാറ്റിന്റെ വേഗത മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ വര്‍ദ്ധിച്ചേക്കും.ഇന്ന് രാത്രിയും നാളെ പകലും അന്തരീക്ഷ ഈര്‍പ്പത്തില്‍ വര്‍ദ്ധനയുണ്ടാകും.
നാളെ രാവിലെ ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.ഞായറാഴ്ച മുതല്‍ യുഎഇയില്‍ വീണ്ടും താപനില വര്‍ദ്ധിച്ച് തുടങ്ങും എന്നും ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്.തിങ്കളാഴ്ചയും താപനിലയില്‍ വര്‍ദ്ധന രേഖപ്പെടുത്തും എന്നും ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു.