പോക്സോ കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായ പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ക്ലീൻചിറ്റ്. പരാമര്‍ശം കലാപാഹ്വാനമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
പൊതുപ്രവർത്തകൻ പായിച്ചിറ നവാസ് നൽകിയ പരാതിയിലായിരുന്നു എറണാകുളം ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് എസ്‍പി സാബു മാത്യു ഡിജിപിക്ക് കൈമാറി.
വ്യാജപുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസുമായി ബന്ധപ്പെട്ടായിരുന്നു ഗോവിന്ദന്റെ പരാമർശം. മോൻസൺ മാവുങ്കൽ തന്നെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നും പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നും മൊഴിയിലുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞിരുന്നു. ദേശാഭിമാനി ദിനപത്രത്തെ ഉദ്ധരിച്ചുകൊണ്ടാണ് ഗോവിന്ദൻ ഇക്കാര്യം പറഞ്ഞത്.