മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ആവർത്തിച്ചു. തുടര്‍ന്നുണ്ടായ ബഹളത്തില്‍ ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിര്‍ത്തി വെച്ചു. ഭരണപക്ഷത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്. അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടോ കറുത്ത വസ്ത്രം ധരിച്ചിട്ടോ ഒരു പ്രയോജനവുമില്ലെന്നും നരേന്ദ്ര മോദി തന്നെ 2024 ലും ഇന്ത്യ ഭരിക്കുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് പരിഹസിച്ചു.
പാർലമെന്റ് ചേരുന്നതിനു മുന്നോടിയായി, രാവിലെ പ്രതിപക്ഷ യോഗം ചേർന്നിരുന്നു. പ്രതിപക്ഷ നേതാക്കളുടെ കറുത്ത വസ്ത്രം പ്രധാനമന്ത്രിയുടെ ധാർഷ്ട്യത്തിന് എതിരാണെന്ന് പറഞ്ഞ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ്, മണിപ്പുരിലെ ജനങ്ങളുടെ മുറിവുകളിൽ പ്രധാനമന്ത്രി ഉപ്പ് പുരട്ടുകയാണെന്നും ആരോപിച്ചു.