ഒന്നര വർഷം മുപ് കാണാതായ കലഞ്ഞൂർ സ്വദേശി നൗഷാദിനെ പൊലീസ് തൊടുപുഴയിൽ കണ്ടെത്തി. തൊടുപുഴ തൊമ്മൻകുത്ത് മേഖലയിൽനിന്നാണ് കണ്ടെത്തിയത്. ഇയാളെ ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചു. നൗഷാദിനെ കൊന്നു കുഴിച്ചുമൂടിയെന്നു ഭാര്യ അഫ്‌സാന മൊഴി നൽകിയിരുന്നു. ഇവരുടെ മൊഴികൾ കണക്കിലെടുത്ത് നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തി. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്കു പൊലീസിനെ നയിച്ചതെന്നാണ് വിവരം.
ഭാര്യയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് നൗഷാദ് പറഞ്ഞു. ജീവഹാനി ഉണ്ടാകുമെന്നു ഭയന്നാണ് മാറി കഴിഞ്ഞതെന്നാണ് ഇയാൾ പറയുന്നത്. അഫ്സാനക്ക് മാനസിക പ്രശനം ഉണ്ടോ എന്ന ചോദ്യത്തിന്, അറിയില്ല എന്നായിരുന്നു നൗഷാദിന്റെ പ്രതികരണം. സ്വന്തം വീട്ടുകാരുമായും ബന്ധപ്പെട്ടിരുന്നില്ലെന്ന് നൗഷാദ് പറഞ്ഞു. ചാനലുകളിൽ വാർത്ത വന്നത് അറിഞ്ഞില്ല. ഇന്ന് പത്രത്തിൽ വാർത്ത വന്നപ്പോളാണ് അറിഞ്ഞത്. ഭാര്യയെയും വീട്ടുകാരെയും കാണാൻ താല്പര്യം ഇല്ലെന്നും നൗഷാദ് പറഞ്ഞു.
അതെസമയം അറസ്റ്റിലായ ഭാര്യ അഫ്സാനയെ കോടതി റിമാൻഡ് ചെയ്തു.
അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് അഫ്‌സാനയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതായി മൊഴിനൽകുകയും ചെയ്തിരുന്നു. മൃതദേഹം ആറ്റിലെറിഞ്ഞെന്നും അവർ പിന്നീട് മൊഴി മാറ്റിമാറ്റിപ്പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയത്. നൗഷാദിനെ കാണാതായെന്ന് കാട്ടി ഇയാളുടെ അച്ഛന്‍ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ സുബൈര്‍ 2021 നവംബര്‍ അഞ്ചിനാണ് കൂടല്‍ പോലീസില്‍ പരാതി നല്‍കിയത്.