ഗണപതി മിത്താണെന്നോ അള്ളാഹു മിത്തല്ലെന്നോ പറഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നതാണ് മിത്തായി ഉദാഹരിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അല്ലാഹുവും ഗണപതിയും വിശ്വാസപ്രമാണത്തിന്റെ ഭാഗമാണെന്നും പിന്നെന്തിനാണു ഞങ്ങളതു മിത്താണെന്നു പറയുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് തികഞ്ഞ വർഗീയസമീപനമാണെന്നും പൊന്നാനിയിൽ നിന്നാണോ വന്നതെന്ന കെ സുരേന്ദ്രന്റെ ചോദ്യം തനിക്ക് മനസിലാകാഞ്ഞിട്ടല്ല. ഒരുവർഗീയവാദിയുടെ ഭ്രാന്തിന് മറുപടി പറയേണ്ടതില്ലാത്തതുകൊണ്ടാണ് അവഗണിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സുരേന്ദ്രനും ഒരേ അഭിപ്രായമാണെന്നും ഗോവിന്ദൻ ആരോപിച്ചു.
ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് മുന്നോട്ടുപോകാനാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി യുടെ നീക്കം. അതേ ശ്രമമാണ് കേരളത്തിലും ബി ജെ പി നടത്തുന്നത്. എന്നാൽ അത്തരം നീക്കങ്ങൾ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തള്ളിക്കളയും. നിയമം ലംഘിച്ചതിന്റെ ഭാഗമായി കേസ് എടുത്തത് വിശ്വാസം നോക്കിയല്ല. നാമജപം ആണെങ്കിലും ഇങ്കില്വാബ് സിന്ദാബാദ് ആണെങ്കിലും നിയമം ലംഘിച്ചാല്‍ കേസ് എടുക്കുംമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.