ഹരിയാനയിലെ നൂഹ് ജില്ലയിൽ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിക്കുന്ന സർക്കാർ നടപടിക്കെതിനെതിരേ രൂക്ഷവിമർശനവുമായി പഞ്ചാബ്-ഹരിയാന ഹെെക്കോടതി. സ്വമേധയാ കേസെടുത്ത ജസ്റ്റിസ് ജി എസ് സന്ദവാലിയ അധ്യക്ഷനായ ബഞ്ച്, സർക്കാർ നടപടി വംശീയ ഉന്മൂലനത്തിനായാണോ എന്ന ചോദിച്ചു. നടപടികൾ നിർത്തി വാക്കാണ് കോടതി സർക്കാരിന് നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിന് നോട്ടീസ് അയച്ചു.
അനധികൃതമെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ നാല് ദിവസത്തിനിടെ എഴുനൂറോളം കെട്ടിടങ്ങളാണ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു തകർത്തത്. നൂഹിലും ഗുരുഗ്രാമിലും കലാപം നടന്നതിന്റെ പശ്ചാത്തലത്തിൽ ഹരിയാന സർക്കാർ ബലം പ്രയോഗിച്ച് നിർമ്മാണങ്ങൾ പൊളിച്ചു നീക്കുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്നാണ് കോടതി വ്യക്തമാക്കിയത്. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ ഇന്നലെ കേസെടുത്തത്. ചികിത്സയുടെ ഭാഗമാണ് ബുൾഡോസർ പ്രയോഗമെന്ന ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജിന്റെ വിവാദ പരാമർശവും കോടതി പരിഗണിച്ചു. വിഷയം 11ന് വീണ്ടും പരിഗണിക്കും.
നൂഹ് അടക്കം സംഘർഷമേഖലകൾ ഹരിയാനയിലെ കോൺഗ്രസ് നേതൃത്വം ഇന്ന് സന്ദർശിക്കും. സംഘർഷങ്ങളിൽ നൂഹിലും ഗുരുഗ്രമിലുമായിഇതിനോടകം ആറ് പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.