തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളിയിൽ രാഷ്ട്രീയ കളം ചൂട് പിടിച്ചിരിക്കുകയാണ്. യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ആരംഭിച്ചു. രാവിലെ പുതുപ്പള്ളി പള്ളിയിൽ എത്തിയ ചാണ്ടി ഉമ്മൻ, അച്ഛൻ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥന നടത്തി. തുടർന്ന് മാതാവ് മറിയാമ്മയുടെ അനുഗ്രഹം വാങ്ങി ചാണ്ടി ഉമ്മൻ പ്രചാരണ പരിപാടികളിലേക്ക് കടന്നു.
പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ഉള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇടത് സർക്കാർ പൂർണ പരാജയമാണ്, സർക്കാർ എന്ത് ചെയ്തു. വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് 53 വര്‍ഷം പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സിപിഐഎം സ്ഥാനാർത്ഥിയെ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർത്ഥി പ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്നാണ് റിപ്പോർട്ട്. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ജോര്‍ജ് കുര്യനാകും എന്‍ഡിഎ സ്ഥാനാര്‍ഥിയെന്ന സൂചനകളുണ്ട്.