ദുബൈ: ആകാശ വിസ്മയങ്ങളുമായി ദുബൈ എയര്‍ഷോ വീണ്ടും എത്തുന്നു. നവംബര്‍ 13 മുതല്‍ 17 വരെയാണ് ലോകത്തിലെ ഏറ്റവും വലിയ എയ്‌റോസ്‌പേസ് എക്‌സിബിഷനായ എയര്‍ഷോ നടക്കുന്നത്. ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലാണ് ഷോ അരങ്ങേറുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രദര്‍ശകര്‍ എയര്‍ഷോയില്‍ പങ്കെടുക്കും. ആയിരക്കണക്കിന് സന്ദര്‍ശകരും പ്രദര്‍ശകരും വിമാന നിര്‍മ്മാതാക്കളും ശാസ്ത്രജ്ഞരും എയര്‍ലൈന്‍ ഉടമകളും വിതരണക്കാരും വ്യവസായികളും സൈനിക ഉദ്യോഗസ്ഥരുമാണ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കുന്നത്. ഉഗ്രശേഷിയുള്ള പോര്‍വിമാനങ്ങളും, ആഡംബര വിമാനങ്ങളും, ഹെലികോപ്റ്ററുകളും, സൈനിക വിമാനങ്ങളും ഇത്തവണയും ദുബൈ എയര്‍ഷോയുടെ ഭാഗമാകും. ആളില്ലാ വിമാനങ്ങള്‍, ചരക്കു വിമാനം, സാങ്കേതിക വിദ്യകള്‍ എന്നിവ പ്രദര്‍ശനത്തിനെത്തും. യുഎഇ സേനയുടെ ആകാശ അഭ്യാസങ്ങളും എയര്‍ഷോയില്‍ അരങ്ങേറും. ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളമാണ് എയര്‍ഷോയ്ക്ക് വേദിയാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രദര്‍ശകരെത്തുന്ന മേളയില്‍ കോടിക്കണക്കിന് ദിര്‍ഹമിന്റെ ഇടപാടുകളാണ് നടക്കുന്നത്. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള വിമാന കൈമാറ്റ കരാറുകള്‍ക്കും എയര്‍ഷോ വേദിയാകും. വ്യോമയാന മേഖലയിലെ പുതിയ ട്രെന്‍ഡുകളും സാധ്യതകളും പരിചയപ്പെടുന്ന പ്രദര്‍ശനങ്ങള്‍ അരങ്ങേറും. കഴിഞ്ഞ വര്‍ഷം 1200 സ്ഥാനങ്ങള്‍ എയര്‍ഷോയില്‍ പങ്കെടുത്തിരുന്നു. ഇത്തവണ കൂടുതല്‍ കമ്പനികളും പ്രദര്‍ശകരും മേളയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ.