റെഡ്മി നോട്ട് 12എസ് ചൊവ്വാഴ്ച പോളണ്ടിൽ അവതരിപ്പിച്ചു. റെഡ്മി നോട്ട് 12 5ജി, റെഡ്മി നോട്ട് 12 പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജി, റെഡ്മി നോട്ട് 12 4ജി, റെഡ്മി നോട്ട് 12 ടർബോ, റെഡ്മി നോട്ട് 12ആർ പ്രോ 5ജി മോഡലുകൾ ഉൾപ്പെടുന്ന റെഡ്മി നോട്ട് 12 ലൈനപ്പിലെ ഏറ്റവും പുതിയ സ്മാർട് ഫോണാണിത്. റെഡ്മി നോട്ട് 11എസിന്റെ പരിഷ്കരിച്ച പതിപ്പാണ് റെഡ്മി നോട്ട് 12എസ്.
ഐസ് ബ്ലൂ, പേൾ ഗ്രീൻ, ഓനിക്സ് ബ്ലാക്ക് എന്നീ മൂന്ന് കളർ വേരിയന്റുകളിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 12 എസ് നിലവിൽ പോളണ്ടിൽ മാത്രമാണ് ലഭ്യമാകുക. 6 ജിബി + 128 ജിബി, 8 ജിബി + 256 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായാണ് ഫോൺ ലോഞ്ച് ചെയ്തത്. എന്നാൽ, ഷഓമിയുടെ പോളണ്ട് ഓൺലൈൻ സ്റ്റോറിൽ ഐസ് ബ്ലൂ, ഓനിക്സ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ 8 ജിബി റാമിലും 256 ജിബി സ്റ്റോറേജ് വേരിയന്റിലും മാത്രമാണ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
6.43 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് (2400 x 1080) അമോലെഡ് ഡോട്ട് ഡിസ്‌പ്ലേ പാനലുള്ള റെഡ്മി നോട്ട് 12എസിൽ 90 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റ്, 409 പിപിഐ പിക്‌സൽ ഡെൻസിറ്റി എന്നിവയുമായാണ് വരുന്നത്. സ്ക്രീനിന് 4,500,000:1 കോൺട്രാസ്റ്റ് റേഷ്യോ ഉണ്ട്. എആർഎം മാലി – ജി57 എംസി2 ജിപിയുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി96 4ജി പ്രോസസർ, 8 ജിബി വരെ LPDDR4X റാം, 256 ജിബി വരെ UFS2.2 ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 1ടിബി വരെ വികസിപ്പിക്കാവുന്നതാണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുള്ള റെഡ്മി നോട്ട് 12 എസിൽ 108 മെഗാപിക്സലിന്റേതാണ് പ്രൈമറി സെൻസർ. ഇതോടൊപ്പം അൾട്രാ വൈഡ് ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്നു. പിൻ പാനലിന്റെ മുകളിൽ ഇടത് വശത്തുള്ള ചതുരാകൃതിയിലുള്ള മൊഡ്യൂളിൽ എൽഇഡി ഫ്ലാഷുമുണ്ട്. 16 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ.
33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000എംഎഎച്ച് ആണ് ബാറ്ററി. യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, എഐ ഫേസ് അൺലോക്ക് ഫീച്ചർ എന്നിവയും ഫോണിലുണ്ട്.