ദുബായ് ∙ ഏഷ്യൻ ബാഡ്മിന്റൻ പുരുഷ ഡബിൾസിന് ആദ്യമായി ഇന്ത്യൻ ചാംപ്യന്മാർ! കഴിഞ്ഞ വർഷത്തെ ലോകചാംപ്യൻഷിപ്പിൽ വെങ്കല നേട്ടം വരെയെത്തിയ ഇന്ത്യൻ ജോടികളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യമാണ് ഉജ്വലമായ പ്രകടനത്തിലൂടെ ഏഷ്യൻ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലെ സ്വർണ ജേതാക്കളായത്. മലേഷ്യയുടെ ഓങ് യു സിൻ– തിയോ ഇ യി സഖ്യത്തെയാണ് ഇവർ തോൽപിച്ചത്. സ്കോർ: 16-21, 21-17, 21-19.
58 വർഷത്തിനു ശേഷമാണ് ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ കിരീടവിജയം. 1965ൽ ലക്നൗവിൽ നടന്ന ചാംപ്യൻഷിപ്പിലെ പുരുഷ സിംഗിൾസിൽ തായ്‌ലൻഡിന്റെ സാൻഗോബ് ററ്റനുസോണിനെ തോൽപിച്ച ദിനേഷ് ഖന്ന മാത്രമാണ് ഏഷ്യൻ വിഭാഗത്തിൽ സ്വർണം നേടിയിട്ടുള്ളത്.
1971ൽ ഇന്ത്യൻ താരങ്ങളായ ദീപു ഘോഷും രമൺ ഘോഷും വെങ്കലം നേടിയതാണു പുരുഷ ഡബിൾസിൽ ഇതിനു മുൻപത്തെ മികച്ച ഏഷ്യൻ നേട്ടം. ഈ സീസണിൽ സാത്വിക്– ചിരാഗ് സഖ്യത്തിന്റെ 2–ാം കിരീടമാണിത്. നേരത്തേ, സ്വിസ് ഓപ്പൺ സൂപ്പർ 300ലും ഇരുവരും ജേതാക്കളായിരുന്നു.