ഒരു വലിയ സ്വപ്ന സാക്ഷാൽക്കാരത്തിനു മുന്നിൽ ആണ് ജൂഡ് ആന്തണി എന്ന സംവിധായകൻ. സ്വപ്നം മാത്രമല്ല കേരളം ജനതയോടുള്ള ഉത്തരവാദിത്തം കൂടിയാണ് ജൂഡിന് അത്. 2018 ഓഗസ്റ്റിൽ കേരളത്തെയൊന്നാകെ വിഴുങ്ങാൻ പാകത്തിനെത്തിയ പ്രളയം മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ദുരന്തമാണ് വിതച്ചത്. പ്രളയബാധിതരല്ലാത്ത മനുഷ്യർ കേരളത്തിൽ കുറവാണ്. സംവിധായകൻ ജൂഡ് ആന്തണി ജോസഫിനും കണ്ണിൽ നേരിട്ട് കണ്ട പ്രളയവും പിന്നീടുണ്ടായ പ്രളയ ഭീതിയും ഒരു നടുക്കമായി മനസ്സിൽ കുരുങ്ങി കിടക്കുന്നു. ദുരന്തത്തിന്റെ കഥകൾ കേട്ടുകേട്ട് ഏതോ ഘട്ടത്തിൽ ജൂഡിന്റെ മനസ്സിലെ സംവിധായകനുണർന്നു. കേരളം അതിജീവിച്ച മഹാദുരന്തത്തെ അഭ്രപാളിയിലാക്കണം എന്നതായിരുന്നു ജൂഡ് പിന്നീട് കണ്ട സ്വപ്നം. 2018 ലെ പ്രളയം സിനിമയായി പിറക്കാൻ പിന്നെയും അനവധി ദുരന്തങ്ങൾ അതിജീവിക്കേണ്ടി വന്നെന്ന് ജൂഡ് പറയുന്നു. ഒടുവിൽ, ചാർട്ട് ചെയ്തതിലും മുൻപേ പാക്കപ്പ് ചെയ്ത ചിത്രം തിയറ്ററിൽ എത്തുമ്പോൾ നന്ദി പറയാൻ ഒരു ജനാവലി തന്നെ ജൂഡിനു മുന്നിലുണ്ട്. മൂന്നര വർഷത്തോളം ഒരു സ്വപ്നത്തിനു പിന്നാലെ ഊർജവും സമയവും ചെലവഴിച്ച് ഒടുവിൽ സ്വപ്നസാക്ഷാത്കാരത്തിന്റെ അന്ത്യത്തിലെത്തി നിൽക്കുമ്പോൾ ജൂഡ് എന്ന സംവിധായകന് ഒന്നേ പറയാനുള്ളു. “ആളുകൾ നിങ്ങളോട് എന്ത് പറഞ്ഞാലും, എങ്ങനെയായാലും, നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക, ഈ പ്രപഞ്ചം മുഴുവൻ അത് സാധ്യമാക്കാൻ നിങ്ങളുടെ കുടെയുണ്ടാകും’’. ജൂഡ് സംസാരിക്കുന്നു.
പ്രേക്ഷകരുടെ പിന്തുണയാണ് ഇനി വേണ്ടത്
2018 ഒക്ടോബർ 16 നു ആണ് ഞാൻ ഈ സിനിമ അനൗൺൻസ് ചെയ്യുന്നത്. അതിനു ശേഷം ഒരുപാടു കടമ്പകളിൽ കൂടി കടന്നുപോയി ഒരുപാടു പ്രാവശ്യം സിനിമ വേണ്ടെന്നു വച്ചു, കോവിഡ് വന്നു, ആർടിസ്റ്റുകളുടെ തീയതി മാറി. എന്നിട്ടും ആന്റോ ചേട്ടനും വേണു സാറും ഇതിൽ വരികയും എന്നെയും എന്റെ ടീമിനെയും വിശ്വസിച്ച് സിനിമ ചെയ്യാൻ തയാറാവുകയും ചെയ്തു. 2018 ൽ ഞാൻ കണ്ട സ്വപ്നം നാളെ സാക്ഷാൽക്കരിക്കുകയാണ്. വർക്ക് എല്ലാം കഴിഞ്ഞു, കഠിനാധ്വാനത്തിന്റെ ഫലം സ്‌ക്രീനിൽ കാണാനുണ്ട്. ഒരു വലിയ യാത്രയുടെ അവസാന ലാപ്പിൽ നിൽക്കുകയാണ്. ഫിനിഷിങ് പോയിന്റ് കാണുന്നതിന്റെ സന്തോഷമുണ്ട്. അത് വല്ലാത്തൊരു ഫീൽ ആണ്. കേരളം മുഴുവൻ അനുഭവിച്ച ഒരു ദുരന്തം വീണ്ടും നിങ്ങളുടെ മുന്നിൽ തിരശീലയിൽ എത്തുമ്പോൾ നിങ്ങൾ ഓരോരുത്തർക്കും അനുഭവപ്പെടുന്നത് എന്താണെന്ന് എനിക്ക് ഇപ്പോൾ ഊഹിക്കാൻ കഴിയുന്നില്ല. ഒരുപാടു പേർക്ക് റിലേറ്റ് ചെയ്യാൻ കഴിയും എന്ന് കരുതുന്നു. പ്രിയപ്പെട്ട പ്രേക്ഷകരെകൊല്ലം സിനിമ കാണണം അഭിപ്രായങ്ങൾ അറിയിക്കണം.
കേരള ചരിത്രത്തെ രണ്ടായി പകുത്ത ദുരന്തം
എനിക്ക് എന്റെ ജീവിതത്തെപ്പറ്റി, 2018 നു മുൻപും പിൻപും എന്നു പറയാൻ പറ്റും. എനിക്ക് തോന്നുന്നത് കേരളത്തിലെ മിക്ക ആളുകൾക്കും അങ്ങനെ പറയാൻ പറ്റുമെന്നാണ്. 2018നു മുൻപ് നമുക്ക് ജീവിതത്തിൽ ചെറിയ പരാതികൾ മാത്രമേ ഉള്ളൂ. രാഷ്ട്രീയമായ ചേരിതിരിവോ റോഡിലെ കുഴിയോ ടാറിടാത്തതോ അങ്ങനെ വളരെ നോർമൽ ആയ പ്രശ്നങ്ങൾ മാത്രം. മഴ ഉണ്ടെങ്കിലും പുഴ കര കവിഞ്ഞ അതിനടുത്തു താമസിക്കുന്നവർക്ക് മാത്രം ബുദ്ധിമുട്ട് വരുന്നതായി കണ്ടിട്ടുണ്ട്. കേരളത്തിലെ ജനങ്ങളെ അപ്പാടെ വിഴുങ്ങാൻ പാകത്തിനൊരു പ്രളയമൊന്നും നമ്മുടെ വിദൂര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നതല്ല. ആ സമയത്ത് ഞാൻ ഒരു പാനലിൽ ഡാൻസ് റിയാലിറ്റി ഷോയിലെ ജഡ്ജ് ആണ്. റൂമിൽ എത്തിയപ്പോൾ ടിവിയിൽ വെള്ളപ്പൊക്കത്തിന്റെ വാർത്തകൾ കണ്ടു തുടങ്ങി. മരം കടപുഴകി വീഴുന്നു. വെള്ളം കുത്തിയൊഴുകുന്നു, ഇടുക്കി ഡാം തുറക്കുമെന്നുള്ള വാർത്തകൾ വരുന്നു. കഷ്ടമായിപ്പോയല്ലോ എന്നു തോന്നി.
ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലെത്തി. പെങ്ങളുടെ പുതിയ കാറ് ഡെലിവറി എടുത്ത് അവളുടെ വീട്ടിൽ കൊണ്ടിട്ടിട്ടു വന്നു. കുറച്ചു കഴിഞ്ഞപ്പോൾ വീടിനു പിന്നിൽ വെള്ളം വന്നേക്കുമെന്നു കേൾക്കുന്നു. എന്നാൽ പോലും ചെറുതായി വെള്ളം അതുവഴി പോകും എന്ന കരുതിയുള്ളൂ. പക്ഷേ പിന്നീടങ്ങോട്ട് മൂന്നുനാലു ദിവസം ഒരിക്കലും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത, ഓർക്കുമ്പോൾ ഞെട്ടി വിറയ്ക്കുന്ന ദുരന്തത്തിനാണ് സാക്ഷ്യംവഹിക്കാൻ പോകുന്നതെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല . നമ്മുടെ വേണ്ടപ്പെട്ടവരെ എന്നാ സ്ഥിതിയെന്ന് വിളിച്ചു ചോദിക്കാനുള്ള ഗ്യാപ്പ് പോലും കിട്ടിയില്ല. എങ്ങനെയെങ്കിലും കയ്യിൽ കിട്ടിയതുമായി രക്ഷപ്പെട്ടു പോകണം എന്നുമാത്രമായിരുന്നു ചിന്ത. ആ സമയത്ത് ടിവി, പത്രം ഒന്നും നോക്കാൻ പറ്റുന്നില്ല, എങ്ങനെയെങ്കിലും വീട്ടുകാരെ രക്ഷപ്പെടുത്തണം എന്നു മാത്രമേ മനസ്സിലുള്ളൂ. പിന്നീടുണ്ടായതെല്ലാം ഞാൻ വിസ്തരിച്ചു പറയേണ്ട കാര്യമില്ലല്ലോ. കേരളത്തിലെ ജനങ്ങൾ മുഴുവൻ ഒരു ദുരന്തത്തിനു സാക്ഷ്യം വഹിക്കുകയായിരുന്നു.
പ്രളയം സിനിമയാകുന്നു
എല്ലാം കഴിഞ്ഞു കുറെ നാൾ കഴിഞ്ഞപ്പോൾ ബോധിനി എന്ന സംഘടന എന്നെ സമീപിച്ചു. സെക്‌ഷ്വൽ ഹരാസ്‌മെന്റിന് എതിരെ ഞാൻ അവർക്കു വേണ്ടി നിവിൻ പോളിയെ വച്ച് ഒരു വിഡിയോ ചെയ്തിട്ടുണ്ടായിരുന്നു. അവർ ചോദിച്ചു വെള്ളപ്പൊക്കത്തിന്റെ കഥ പറഞ്ഞുകൊണ്ട് ഒരു ചെറിയ ഇൻസ്പിരേഷൻ വിഡിയോ ചെയ്യാമോ എന്ന്. നോക്കാമെന്നു ഞാനും പറഞ്ഞു. അങ്ങനെ പത്രങ്ങൾ തപ്പിയെടുത്ത് വായിച്ചു തുടങ്ങി. അപ്പോഴാണ് ഒരു ചെറിയ വിഡിയോയിലല്ല, ഒരു സിനിമയിൽ പോലും കാണിച്ചാൽ തീരാത്തത്ര നന്മയുടെ കഥ കൂടി അതിനു പറയാനുണ്ട് എന്ന് മനസ്സിലായത്. ഇത് സിനിമയാക്കണം എന്നായി പിന്നീട് ചിന്ത, കഥ കേട്ട പലരും നെറ്റി ചുളിച്ചു. ഒരുപാട് പേരോട് അന്ന് നടന്ന സംഭവങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. പിഷാരടി എന്നോട് പറഞ്ഞു, മമ്മൂക്കയും പിഷാരടിയും ഒരുപാട് ദുരിതാശ്വാസ ക്യാംപുകളിൽ സന്ദർശിച്ച് അവിടെയുള്ളവർക്ക് വേണ്ടത് ചെയ്തുകൊടുത്തിട്ടുണ്ട് എന്ന്. അങ്ങനെ എല്ലാവരും ജാതിയും മതവും പ്രായവും ഒന്നും നോക്കാതെ അന്യോന്യം സഹായിച്ച നാളുകളായിരുന്നു അത്.