വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തി അധികം ചലനമുണ്ടാക്കാതെ ‘ഏജന്റ്’. എഴുപത് കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത് 10 കോടിയാണ്. തെലുങ്കിൽ ആദ്യ ദിനം തന്നെ നിരൂപകരും പ്രേക്ഷകരും സിനിമയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തുകയുണ്ടായി. ഇതുകൂടാതെ സിനിമയുടെ നിർമാതാക്കളിലൊരാളായ അനിൽ സുൻകരയുടെ വെളിപ്പെടുത്തലും ചിത്രത്തെ പ്രതികൂലമായി ബാധിച്ചു. കൃത്യമായൊരു തിരക്കഥ ഇല്ലാതെയാണ് സിനിമ ഒരുക്കിയതെന്നും ചെയ്ത ശ്രമം പാളിപ്പോയെന്നുമായിരുന്നു ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. അനിലിന്റെ െവളിപ്പെടുത്തൽ സിനിമയുടെ മലയാളം, തമിഴ് പതിപ്പുകളെയും തകർത്തുകളഞ്ഞു.
അഖിൽ അക്കിനേനിക്കൊപ്പം മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്നു എന്നാതായിരുന്നു മലയാളികളെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചത്. അതുകൊണ്ട് തന്നെ കേരളത്തിലും സിനിമയ്ക്ക് ആദ്യ ദിനം മെച്ചപ്പെട്ട പ്രതികരണം ലഭിക്കുകയും ചെയ്തു. മമ്മൂട്ടി തന്നെയാണ് മലയാളം പതിപ്പിൽ ഡബ്ബ് ചെയ്തിരിക്കുന്നത്. വളരെയറേ പരിശ്രമമെടുത്ത് ചെയ്തിരിക്കുന്ന നിരവധി ആക്‌ഷൻ രംഗങ്ങൾ മമ്മൂട്ടി ഈ സിനിമയിൽ ചെയ്യുന്നുണ്ട്. ആക്‌ഷൻ കൊറിയോഗ്രഫി മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നതും. എന്നാൽ സിനിമ പരാജയമാണെന്ന നിർമാതാവിന്റെ വെളിപ്പെടുത്തൽ കേരളത്തിലെ കലക്‌ഷനെയും ഇല്ലാതാക്കുകയായിരുന്നു.
യൂലിൻ പ്രൊഡക്‌ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. കോടികൾ മുടക്കി വിതരണാവകാശം സ്വന്തമാക്കിയ കമ്പനി സിനിമയ്ക്കു ഗുണകരമായ പ്രമോഷനും ചെയ്തിരുന്നു. സിനിമയെ സ്വന്തം നിർമാതാക്കൾ കൈവിട്ടതോടെ ഇവർക്കും കോടിക്കണക്കിന് രൂപയുടെ നഷ്ടമാകും സംഭവിക്കുക.
ഇതിനിടെ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതിയും പുറത്തുവന്നിരുന്നു. മെയ് 19ന് സോണി ലിവ്വിലൂടെ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്.