മഡ്രിഡ് ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ എതിർ ടീമുകളെ ഗോളടിച്ചു വിറപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ടിന് ഇന്ന് ‘റിയൽ ടെസ്റ്റ്’. യുവേഫ ചാംപ്യൻസ് ലീഗ് സെമിഫൈനൽ ആദ്യപാദത്തിൽ ഇന്ന് സിറ്റി സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനെ നേരിടുമ്പോൾ ആരാധകർ ഉറ്റുനോക്കുന്നത് നോർവേ താരത്തിന്റെ ബൂട്ടുകളിലേക്കാണ്.
ചാംപ്യൻസ് ലീഗ് സീസണിൽ ഇതുവരെ സിറ്റി നേടിയ 26 ഗോളുകളിൽ പന്ത്രണ്ടും നേടിയതു ഹാളണ്ടാണ്. ഹാളണ്ടിനുള്ള റയലിന്റെ മറുപടി കരിം ബെൻസേമ–വിനീസ്യൂസ്–റോഡ്രിഗോ ത്രയമാണ്. റയലിന്റെ 25 ഗോളുകളിൽ പതിനഞ്ചും ഇവരുടെ വകയായിരുന്നു. കഴിഞ്ഞ വർഷം സെമിഫൈനലിൽ അവസാന നിമിഷം സിറ്റിയെ മറികടന്നാണ് റയൽ ഫൈനലിലെത്തിയത്.
ലിവർപൂളിനെ തോൽപിച്ച് 14–ാം യൂറോപ്യൻ കിരീടം നേടുകയും ചെയ്തു. അന്ന് സിറ്റി ടീമിൽ ഹാളണ്ട് ഉണ്ടായിരുന്നില്ല. ‘റയലിന്റെ മൈതാനമായ സാന്തിയാഗോ ബെർണബ്യൂവിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് ഇന്നത്തെ മത്സരം. സോണി ടെൻ ചാനലുകളിൽ തൽസമയം കാണാം. നാളെ രണ്ടാം സെമിഫൈനൽ ആദ്യപാദത്തിൽ ഇറ്റാലിയൻ ക്ലബ്ബുകളായ എസി മിലാനും ഇന്റർ മിലാനും ഏറ്റുമുട്ടും.