മുംബൈ∙ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനോടു തോറ്റതോടെ പോയിന്റ് പട്ടികയിൽ താഴേക്കുവീണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. നാലാം തോൽവി വഴങ്ങിയ രാജസ്ഥാൻ 10 പോയിന്റുകളുമായി പട്ടികയിൽ മൂന്നാമതാണ്. ഒൻപതു കളികളിൽനിന്ന് രാജസ്ഥാന് അഞ്ച് വിജയമാണുള്ളത്. എട്ട് മത്സരങ്ങളിൽനിന്ന് 10 പോയിന്റുള്ള ലക്നൗവാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
ഒൻപതു കളികളിൽനിന്ന് അഞ്ച് വിജയവും നാലു തോൽവിയുമായി ചെന്നൈ സൂപ്പർ കിങ്സ് നാലാം സ്ഥാനത്താണ്. ഞായറാഴ്ച പഞ്ചാബ് കിങ്സിനോടു തോറ്റതാണ് ചെന്നൈയ്ക്കു തിരിച്ചടിയായത്. പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാന് ഇനിയുള്ള കളികൾ നിർണായകമാകും. കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് അഞ്ചിന് രാത്രി രാജസ്ഥാന്റെ അടുത്ത പോരാട്ടം.
പിന്നീട് ഹൈദരാബാദ്, കൊൽക്കത്ത, ബാംഗ്ലൂര്‍, പഞ്ചാബ് ടീമുകൾക്കെതിരെയും രാജസ്ഥാനു ഈ സീസണിലെ മത്സരങ്ങൾ ബാക്കിയുണ്ട്. ഇനിയുള്ള അഞ്ചു കളികളും ജയിച്ചാൽ രാജസ്ഥാന് 20 പോയിന്റാകും. അങ്ങനെ സംഭവിച്ചാൽ ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ച് പ്ലേ ഓഫിലെത്തും. അല്ലെങ്കില്‍ പിന്നീട് എലിമിനേറ്റർ, ക്വാളിഫയര്‍ മത്സരങ്ങളും രാജസ്ഥാൻ കളിക്കേണ്ടിവരും.