ഇന്ന് മേടമാസത്തിലെ സങ്കടഹര അഥവാ സങ്കഷ്ടി ചതുർഥി ദിനം. ഈ ദിനത്തിൽ ഭക്തിയോടെ ഗണേശമന്ത്രങ്ങൾ ജപിക്കുന്നതും വ്രതം അനുഷ്ഠിക്കുന്നതും പൂജകൾ സമർപ്പിക്കുന്നതും സവിശേഷ ഫലദായകമാണ്. ഓരോ മാസത്തിലെയും സങ്കടഹര ചതുർഥി വ്രതാനുഷ്ഠാനത്തിലൂടെ ഭക്തന്റെ സകല ദുരിതങ്ങളും ദുഖങ്ങളും നീങ്ങും എന്നാണ് വിശ്വാസം. ഒരു മാസത്തിൽ ശുക്ലപക്ഷത്തിന്‍റെ നാലാം ദിവസം വിനായകചതുർഥിയായും കൃഷ്ണ പക്ഷത്തിന്‍റെ നാലാം ദിവസം സങ്കഷ്ടി ചതുർഥിയായും ആചരിക്കുന്നു. ഇതനുസരിച്ചു മേടമാസത്തിലെ സങ്കടഹര ചതുർഥി 2023 മേയ് 08 സന്ധ്യയ്ക്ക് 06:18 മുതൽ മേയ് 09 വൈകുന്നേരം 04:08 വരെയാണ്.
2023 മേയ് 09ലെ ചതുർഥി ചന്ദ്രോദയത്തിനു മുന്നേ അവസാനിക്കുന്നതിനാൽ മേയ് 08നാണു വ്രതം അനുഷ്ഠിക്കേണ്ടത്. ഭക്ഷണ നിയന്ത്രണത്തോടെ വ്രതം അനുഷ്ഠിക്കാൻ ആരോഗ്യസ്ഥിതി അനുവദിക്കാത്തവർ മന്ത്ര ജപങ്ങളോടെ ഗണേശഭഗവാനെ ആരാധിക്കാം. ഈ ദിനങ്ങളിൽ കഴിവതും സസ്യാഹാരം ശീലിച്ചുകൊണ്ടു ഗണേശഭഗവാന് മുന്നിൽ നിലവിളക്കു കൊളുത്തി അവലോ പഴമോ ശർക്കരയോ കൽക്കണ്ടമോ നിവദ്യമായി സമർപ്പിച്ചു പ്രാർഥിക്കുന്നത്തിലൂടെ കുടുംബത്തിലെ സർവ തടസ്സങ്ങളും നീങ്ങും എന്നാണ് വിശ്വാസം.
മേയ് 09 പുലർച്ചെ വീട്ടമ്മമാർ ചെംഗണപതിഹോമം നടത്തുന്നത് അത്യുത്തമം. രാവിലെ കുളിച്ച് ശുദ്ധിയോടെ അടുപ്പു കത്തിച്ച്, അതിൽ തേങ്ങാപ്പൂളും ശര്‍ക്കരയും അൽപം നെയ്യും ഗണപതിയെ ധ്യാനിച്ച് ‘ഓം ഗം ഗണപതയെ നമഃ ‘ എന്ന മൂലമന്ത്രം ഹോമിക്കുന്നതാണു ചടങ്ങ്. ചകിരിത്തൊണ്ടിൽ തീ കത്തിച്ചു ചെംഗണപതി ഹോമം ചെയ്യുന്നതിൽ തെറ്റില്ല. തുടർന്ന് നിലവിളക്കിനു മുന്നിലിരുന്നു ഗായത്രി ജപത്തിനു ശേഷം ഗണേശ ഗായത്രി ജപിക്കാം.
ഗണേശ ഗായത്രി
ഏകാദന്തായ വിദ്‌മഹേ
വക്രതുണ്ടായ ധീമഹി,
തന്നോ ദന്തി പ്രാചോദയാത്
ഗണേശപ്രീതികരമായ മന്ത്ര നാമജപത്തിൽ സങ്കടഹര ഗണേശ ദ്വാദശനാമസ്തോത്രം ഉൾപ്പെടുത്തുന്നത് അതീവ ഫലദായകമാണ് . കുറഞ്ഞത് ഒൻപതു തവണയെങ്കിലും ജപിക്കാം . 108 തവണ ജപിക്കുന്നത് നാലിരട്ടി ഫലദായകമാണ്.
പ്രണമ്യ ശിരസാ ദേവം
ഗൗരീപുത്രം വിനായകം
ഭക്ത്യാ വ്യാസം സ്മരേന്നിത്യം
ആയുഷ്കാമാർഥസിദ്ധയേ
പ്രഥമം വക്രതുണ്ഡഞ്ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണപിംഗാക്ഷം
ഗജവക്ത്രം ചതുർഥകം
ലംബോദരം പഞ്ചമഞ്ച
ഷഷ്ഠം വികടമേവച
സപ്തമം വിഘ്നരാജഞ്ച
ധൂമ്രവർണം തഥാഷ്ടകം
നവമം ഫാലചന്ദ്രശ്ച
ദശമന്തു വിനായകം
ഏകാദശം ഗണപതിം
ദ്വാദശന്തു ഗജാനനം.