പുലർച്ചെ ഉറങ്ങുന്ന സമയത്തും തന്റെ വാട്സാപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിവുകളുമായി ട്വിറ്റർ എൻജനീയര്‍. ഉപയോഗിക്കാത്ത സമയത്ത് പോലും വാട്സാപ്പിന്റെ മൈക്രോഫോൺ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ട്വിറ്റർ എൻജിനീയർ ഫോഡ് ഡാബിരിയുടെ ട്വീറ്റിന് താഴെ ഇലോൺ മസ്കും പ്രതികരിച്ചു. വാട്സാപ്പിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നാണ് ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തത്.
തന്റെ അവകാശവാദങ്ങൾ വ്യക്തമാക്കുന്നതിനായി ട്വിറ്റർ ജീവനക്കാരൻ ആൻഡ്രോയിഡ് ഡാഷ്‌ബോർഡിന്റെ സ്‌ക്രീൻഷോട്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോൺ ഉപയോഗിക്കാത്ത സമയത്തും വാട്സാപ് രഹസ്യമായി മൈക്രോഫോൺ ഉപയോഗിച്ചതായാണ് ട്വിറ്റർ എൻജിനീയർ പറയുന്നത്. പുലർച്ചെ 4.20 മുതൽ 6.53 വരെ പശ്ചാത്തലത്തിൽ വാട്സാപ് ഫോണിലെ മൈക്രോഫോൺ ആക്‌സസ് ചെയ്തതായാണ് സ്ക്രീൻഷോട്ടിൽ കാണിക്കുന്നത്.
എന്നാൽ ഇക്കാര്യത്തിൽ വാട്സാപ്പിന്റെ പ്രതികരണവും വന്നിട്ടുണ്ട്. ഇത് ആൻഡ്രോയിഡ് ഫോണിലെ സാങ്കേതിക പ്രശ്നമാണെന്നാണ് വാടസാപ്പിന്റെ വാദം. ഉപയോക്താവിന്റെ പക്കലുണ്ടായിരുന്ന ഫോൺ പിക്സലും വാട്സാപ്പും ഇക്കാര്യം അന്വേഷിച്ച് പ്രതിവിധി നൽകാൻ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു.
വാട്സാപ് ഉപയോക്താക്കൾക്ക് അവരുടെ മൈക്രോഫോൺ സെറ്റിങ്സിൽ പൂർണ്ണ നിയന്ത്രണം ഉണ്ടെന്നും ഉപയോക്താവ് കോൾ ചെയ്യുമ്പോഴോ വോയ്‌സ് കുറിപ്പോ വിഡിയോയോ റെക്കോർഡു ചെയ്യുമ്പോഴോ മാത്രമാണ് മൈക്ക് ആക്‌സസ് ചെയ്യാൻ കഴിയുക എന്നും മറ്റൊരു ട്വീറ്റിൽ വാട്സാപ് പറയുന്നുണ്ട്. എന്നാൽ, വാട്സാപ്പിന് സമാനമായ വോയ്‌സ്, വിഡിയോ കോൾ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ട്വിറ്ററിലും കൊണ്ടുവരുമെന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ചിരുന്നു.