റിയാദ്∙ കുടുംബത്തോടൊപ്പം സൗദി അറേബ്യയിലെത്തി അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സി. സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് രാജ്യ സന്ദർശനത്തിനായി മെസ്സിയും കുടുംബവും എത്തിയിരിക്കുന്നത്.
2022 മേയിലാണ് സൗദി ടൂറിസം അതോറിറ്റി (എസ്ടിഎ) മെസ്സിയെ ഔദ്യോഗിക ടൂറിസം ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത്. അംബാസഡർ എന്ന നിലയിൽ തന്റെ രണ്ടാമത്തെ സന്ദർശനത്തിൽ മെസ്സി രാജ്യത്തെ കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു വർഷം മുൻപ് തന്റെ ആദ്യ സന്ദർശന വേളയിൽ ചെങ്കടലിന്റെ തീരത്തുള്ള ജിദ്ദയിലെ പുരാധന സ്ഥലങ്ങൾ മെസ്സി സന്ദർശിച്ചിരുന്നു.
സൗദിയിലേയ്ക്ക് എത്തുന്നതിനു ദിവസങ്ങൾക്ക് മുൻപ് മെസ്സി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈന്തപ്പനത്തോട്ടത്തിന്റെ ചിത്രം പങ്കിട്ടിരുന്നു. ‘സൗദിയിൽ ഇത്രയധികം പച്ചപ്പ് ഉണ്ടെന്ന് ആരാണ് കരുതിയത്?’എന്ന് അദ്ദേഹം കുറിച്ചു. മെസ്സിയുടേയും കുടുംബത്തിന്റേയും സൗദി സന്ദർശനത്തിന്റെ ചിത്രങ്ങൾ അർജന്റീന ഫുട്ബോൾ ടീമും ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.